അധികം താമസിയാതെ പിതൃവ്യന്‍ അബൂത്വാലിബ് അന്തരിച്ചു. ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ പത്നി ഖദീജ(റ)യും മരണപ്പെട്ടു. അവരുടെ വിയോഗം നബിയെ വല്ലാതെ ദുഖിപ്പിച്ചു. നുബുവ്വത്തിന്റെ പത്താം വര്‍ഷമായിരുന്നു ഈ സംഭവം. ഈ വര്‍ഷം ദുഃഖവര്‍ഷം എന്ന പേരില്‍ അറിയപ്പെടുന്നു. മുസ്ലീംകള്‍ക്കെതിരെയുള്ള മര്‍ദ്ദനം
തുടര്‍ന്നുകൊണ്ടിരുന്നു. അടുത്ത ഒരു നഗരമായ ത്വാഇഫിലെ ജനങ്ങള്‍ ഇസ്ലാം സ്വീകരിച്ചേക്കുമെന്ന പ്രതീക്ഷയില്‍ നബി(സ) അങ്ങോട്ടുപോയി.പ്രവാചകത്വത്തിന്റെ പത്താംവര്‍ഷം ശവ്വാല്‍ മാസത്തില്‍ റസൂല്‍(സ) ത്വാഇഫിലേക്ക് പുറപ്പെട്ടു.കൂടെ ഭൃത്യന്‍ സൈദ്ബ്നു ഹാരിഥയുമുണ്ടായിരുന്നു. പോകുന്നവഴിയില്‍ ഓരോ ഗോത്രങ്ങളെയും ഇസ്ലാമിലേക്ക് ക്ഷണിച്ചപ്പോള്‍ ആരും സ്വീകരിക്കുകയുണ്ടായില്ല. ത്വാഇഫുകാര്‍ക്കിടയില്‍ റസൂല്‍(സ) പത്തുദിവസം തങ്ങി. ഇതിന്നിടയ്ക്ക് എല്ലാ പ്രമുഖരേയും സമീപിച്ച് സംസാരിച്ചു. അവരെല്ലാം പറഞ്ഞു. ഞങ്ങളുടെ നാട്ടില്‍നിന്ന് പുറത്തേക്ക് കടക്കുക. ഭോഷന്മാരെ അദ്ദേഹത്തിന് നേരെ തിരിച്ചുവിടുകയും ചെയ്തു. അദ്ദേഹം പുറത്തുകടക്കാന്‍ ശ്രമിച്ചപ്പോള്‍ വിഡ്ഢികളേയും അടിമകളേയും വിട്ട് തെറിവിളിപ്പിക്കുകയും കൂക്കിവിളിപ്പിക്കുകയും ചെയ്തു. അതുകേട്ട് ജനങ്ങള്‍ അവിടുത്തേക്ക് ചുറ്റും തടിച്ചുകൂടി. അവര്‍ രണ്ടു വരിയായി നിന്ന് അധിക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തു. നെരിയാണിയില്‍ കല്ലുകൊണ്‍് അവിടുത്തെ ചെരുപ്പില്‍ രക്തം പതിച്ചു. ഈ സമയത്ത്, സൈദുബ്നു ഹാരിഥ തന്റെ ശരീരംകൊണ്‍് തടുത്തതുകാരണം തലയ്ക്ക് മുറിവുപറ്റി. മൂന്നു മൈല്‍ അകലെ, റബീഅയുടെ പുത്രന്‍മാരായ ഉത്ബയുടെയും ശൈബയുടെയും ഒരു മതില്‍കെട്ടിനുള്ളിലേക്ക് അവിടുന്ന് അഭയം പ്രാപിക്കുന്നതുവരെ ഇത് തുടര്‍ന്നുകൊണ്ടേയിരുന്നു. അതോടെ അവര്‍ മടങ്ങി. തുടര്‍ന്ന് റസൂല്‍(സ) ഒരു മുന്തിരിവള്ളിയുടെ തണലില്‍ ചെന്ന് ചുമരിലേക്ക് ചാരിയിരുന്ന് സ്വസ്ഥനായി. അവിടെവെച്ച്, ആരും വിശ്വസിക്കാത്തതിലുള്ള ദുഃഖവും പ്രയാസവും മനസ്സ് നിറച്ചുകൊണ്ടും താന്‍ അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ ഉള്‍ക്കൊണ്ടും അവിടുന്ന് പ്രാര്‍ഥിച്ചു! അവിടുത്തെ ഈ ദയനീയാവസ്ഥകണ്‍് ഉത്ബയുടെയും ശൈബയുടെയും മനമിളകി. അവര്‍ തങ്ങളുടെ ക്രിസ്തീയഭൃത്യന്‍ അദ്ദാസിനെ വിളിച്ചു ഒരുകുല മുന്തിരിയുമായി അദ്ദേഹത്തിന്റെ അടുത്തേക്കയച്ചു. അവിടുന്ന് ബിസ്മില്ലാഹ് എന്നുച്ചരിച്ചുകൊണ്‍് കഴിക്കാന്‍ തുടങ്ങി. ഇതുകേട്ട അദ്ദാസ് ചോദിച്ചു: ഇത് ഈ നാട്ടുകാരാരും പറയാത്ത ഒരു വാക്യമാണല്ലോ? ഉടനെ നബിതിരുമേനി അവനോട് അവന്റെ നാടും മതവുമന്വേഷിച്ചു. അവന്‍ പറഞ്ഞു: ഞാന്‍ നീനവക്കാരനായ ഒരു ക്രൈസ്തവനാണ്.' അപ്പോള്‍ റസൂല്‍(സ) ചോദിച്ചു: 'പുണ്യവാളനായ യുനുസിന്റ്റെ നാട്ടുകാരനാണല്ലേ?' യുനുസിനെ താങ്കള്‍ക്കെങ്ങനെയാണ് അറിയുന്നത്? അദ്ദാസ് ചോദിച്ചു: റസൂല്‍(സ) പറഞ്ഞു: 'അദ്ദേഹമെന്റെ സഹോദരനാണ്. അദ്ദേഹമൊരു പ്രവാചകനായിരുന്നു. ഞാനും ഒരു പ്രവാചകനാണ്. ഇതുകേട്ട അദ്ദാസ് തിരുമേനിയുടെ ശിരസിലും കൈകാലുകളിലും ചുംബനമര്‍പ്പിച്ചു.
ഇത് വീക്ഷിക്കുകയായിരുന്ന റബീഅയുടെ പുത്രന്‍മാരില്‍ ഒരുവന്‍ അപരനോട്: 'നിന്റെ ഭൃത്യന്‍ പിഴച്ചുപോയി. അദ്ദാസ് തിരിച്ചുവന്നപ്പോള്‍ അവര്‍ അവനോട് ചോദിച്ചു: 'നാശം! എന്താണ് നീ കാണിക്കുന്നത്'' അവന്‍ പറഞ്ഞു: യജമാനരേ! ഭൂമിയില്‍ ഇതിനേക്കാള്‍ ശ്രേഷ്ഠനായ ആരുമില്ല. നബിമാര്‍ക്ക് മാത്രമറിയുന്ന കാര്യമാണദ്ദേഹം എന്നോട് സംസാരിച്ചത്. അവര്‍ പ്രതികരിച്ചു. "അദ്ദാസ്! നിനക്ക് നാശം. നിന്റെ മതത്തില്‍നിന്ന് അവന്‍ നിന്നെ തെറ്റിച്ചുകളയാതിരിക്കട്ടെ. നിന്റെ മതമാണ് അവന്റെ മതത്തേക്കാള്‍ ഉത്തമം.'
ഏറെത്താമസിയാതെ അല്ലാഹുവിന്റെ സന്ദേശകനായ മലക്ക് പ്രവാചകന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന് അഭയം നിഷേധിക്കുകയും ആക്ഷേപിക്കുകയും ചെയ്ത അന്നാട്ടുകാരോട് പ്രതികാരം ചെയ്യാനും അവരെ ശിക്ഷിക്കാനും മലക്ക് അനുവാദമാരാഞ്ഞു.
എന്നാല്‍ കാരുണ്യത്തിന്റെ നിറകുടമായ നബിതിരുമേനിക്ക് അതംഗീകരിക്കുക സാധ്യമായിരുന്നില്ല. അതിനാല്‍ അദ്ദേഹം അനുവാദം നല്‍കിയില്ല. തുടര്‍ന്ന് അല്ലാഹുവോട് ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്തു: 'അല്ലാഹുവേ, എന്റെ ജനതയെ നീ നേര്‍വഴിയില്‍ നയിക്കേണമേ! അവര്‍ക്ക് നീ മാപ്പേകേണമേ! അവര്‍ അറിവില്ലാത്ത ജനമാണ്.'
ഏഴാകാശങ്ങള്‍ക്കപ്പുറം നിന്ന് ലഭിച്ച ഈ സഹായത്തില്‍ സന്തുഷ്ടനായി മന:സ്സമാധാനത്തോടെ നബി(സ) മക്കയിലേക്ക് മടങ്ങി.
No comments:
Post a Comment