Tuesday, 9 October 2012

ഉഹ്ദും ഖന്‍ദഖും


നബിതിരുമേനിയും സംഘവും ശക്തി തെളിയിച്ച ‘ബദര്‍ യുദ്ധം‘ മക്കക്കാരുടെ മനസ്സില്‍ സൃഷ്ടിച്ച ഏക വികാരം അണയ്ക്കാനാവാത്ത പ്രതികാരാഗ്നിയായിരുന്നു. ചുളുവില്‍ മദീനയെ അക്രമിക്കാന്‍
ഇറങ്ങിപ്പുറപ്പെട്ട അബൂസുഫ് യാന്‍ ‘സഖീവ് യുദ്ധ’ ത്തില്‍ പരിഹാസ്യനായതും ആ അഗ്നിയ്ക്ക് ചൂട് പകര്‍ന്നു.
സിറിയയില്‍ നിന്നെത്തിയ കച്ചവട സംഘത്തിന്റെ ലാഭം പൊതുമുതലില്‍ നിക്ഷേപിച്ചത് മദീനയെ
ആക്രമിക്കാനുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് മാത്രമായിരുന്നു. മദീനയില്‍ നിന്ന് നാല് നാഴിക ദൂരെ ഈ സ്ഥലത്തായിരുന്നു ശത്രുസൈന്യം താവളമടിച്ചിരുന്നത്. നബി(സ)യും
സംഘവും ഈ തഴ്വാരത്തിലേക്ക് പുറപ്പെട്ടു... ഇവിടെ ഉഹ്ദ് മല പിന്നിലാക്കി തന്റെ എഴുന്നൂറോളം വരുന്ന സൈന്യത്തെ അവിടുന്ന് അണിനിരത്തി... അവരില്‍ നിന്ന്
അബ്ദുല്ലാഹിബ് നു ജുബൈറിന്റെ നേതൃത്തില്‍ അമ്പെയ്ത്തില്‍ പ്രാവീണ്യമുള്ള അമ്പത്
പേരെ ശത്രുക്കള്‍ കടന്നാക്രമിച്ചേക്കാവുന്ന കുന്നിന്‍ ചെരുവില്‍ കാവല്‍
ഭടന്മാരായി നിര്‍ത്തി.യുദ്ധം ആരംഭിച്ചു. ആദ്യം ദ്വന്ദയുദ്ധം നടന്നു. അലി(റ), ഹംസ(റ) എന്നിവര്‍
സധീരം പൊരുതി. അതോടെ ശത്രുസൈന്യം ഒന്നാകെ ഇളകി. ശത്രു പക്ഷത്തുനിന്നും പലരും
പിടഞ്ഞുമരിച്ചു.ഉഹ്ദ് യുദ്ധം ആദ്യം വിജവും പിന്നീട് പരാജയവും വീണ്ടും വന്‍വിജയവും
ആയിരുന്നു മുസ്ലിം പക്ഷത്ത് നിന്ന് പലരും ശഹീദായി (രക്തസാക്ഷിയായി). പ്രവാചകന്‍റെ
പിതൃവ്യന്‍ ഹംസ(റ), മിസ്ഹബ് ബിന്‍ ഉമൈര്‍(റ), അനസ് ബ്നു നളീര്‍ എന്നിവര്‍ മുസ്ലിം പക്ഷത്ത് നിന്നും കൊല്ലപ്പെട്ടവരില്‍ പ്രധാനികളായിരുന്നു. നബി(സ) ശത്രുക്കള്‍
കുഴിച്ചിരുന്ന ഒരു ചതിക്കുഴിയില്‍ വീണു. അവിടുത്തെ തലക്കും കവിളിലുമെല്ലാം മുറിവ് പറ്റി. മുന്‍പല്ല് പൊട്ടിപ്പോയതുംഈ യുദ്ധത്തിലാണ്,,തലമുറകള്‍ക്കായി ഒരുപാട്
പാഠങ്ങള്‍ ബാക്കിവെച്ചാണ് ഉഹ്ദ് എന്ന അധ്യായം അവസാനിച്ചത്
.''
ഉഹ്ദിന് ശേഷം മദീനയില്‍ നബി(സ)യുമായി കാരാറില്‍ ഏര്‍പ്പെട്ടിരുന്ന യഹൂദ ഗോത്രമായ ‘ബനൂനളീര്‍’ നബിയെ(സ) ചതിച്ച് കൊല്ലാന്‍ ശ്രമിക്കുക വഴി മുസ് ലിങ്ങളുമായുണ്ടായിരുന്ന കരാര്‍ ഇതിനകം ലംഘിച്ചിരുന്നു. അത് കാരണം മദീനയില്‍ നിന്ന് പുറത്താക്കപ്പെട്ട ‘ബനൂനളീര്‍‘ ഗോത്രം സഹായാവശ്യവുമായി
മക്കക്കാരെ സമീപിച്ചു. ഒരു അന്തിമ യുദ്ധത്തിലൂടെ മേഖലയില്‍ നിന്ന് മുസ് ലിങ്ങളുടെ വേരറുത്തു കളയുക എന്നതായിരുന്നു അവരുടെ അത്യന്തിക ലക്ഷ്യം. തങ്ങളുടെ ഗോത്രത്തിനും
സഖ്യകക്ഷികള്‍ക്കും പുറമെ മദീനയില്‍ സുരക്ഷിതരായി കഴിയുന്ന മറ്റു ജൂതഗോത്രങ്ങളും ഈ
യുദ്ധത്തെ പിന്തുണക്കും... ആ മഹായുദ്ധത്തിന്റെ നേതൃത്വം പ്രവാചകനെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച മക്കക്കാര്‍ .എറ്റെടുക്കണം... ഇതൊക്കെയായിരുന്നു നളീര്‍
ഗോത്രനേതാക്കളുടെ ആവശ്യം. 
അങ്ങനെ അബൂസുഫ് യാന്റെ നേതൃത്വത്തില്‍ മക്കയില്‍ നിന്ന് ഒരു വന്‍സൈന്യം പുറപ്പെട്ടു. പതിനായിരത്തോളം ആയ ആ വന്‍സൈന്യം മദീനയിലേക്ക് ഒഴുകി. അറബികള്‍ അന്നോളം കാണാത്ത ഒരു വന്‍സൈന്യം മദീനയെ ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ട് എന്ന് അറിഞ്ഞ നബി(സ) ‘അവരെ എങ്ങനെ തടയാനാവും‘ എന്ന് അനുചരന്മാരുമായി കൂടിയാലോചന
നടത്തി. കോട്ടപോലെ മതില് കെട്ടി പ്രതിരോധിക്കാം എന്ന് അഭിപ്രായം ഉയര്‍ന്നെങ്കിലും അതിന്റെ പ്രായോഗിക ബുദ്ധിമുട്ടും ഫലപ്പെടുമോ എന്ന സംശയവും കാരണം അത് വേണ്ടന്നു വെച്ചു. പിന്നെ എന്ത്... എന്ന് ആലോചിച്ചിരിക്കുമ്പോഴാണ്, ഇറാനില്‍ നിന്ന് സത്യം
തേടി യാത്രചെയ്തെത്തിയ സല്‍മാനുല്‍ ഫാരിസി(റ) എന്ന ശിഷ്യന്‍ മദീനയ്ക്ക് ചുറ്റും കിടങ്ങ് കുഴിച്ച് ശത്രുക്കളെ തടയാം എന്ന പേര്‍ഷ്യന്‍ യുദ്ധതന്ത്രം അവതരിപ്പിച്ചത്.
 അത് അംഗീകരിക്കപ്പെട്ടു.
നബി(സ)യും സംഘവും ദിവസങ്ങള്‍ കഠിനാധ്വാനം ചെയ്ത്..ഒരു വലിയ കിടങ്ങ് നിര്‍മ്മിച്ചു. മദീന ആക്രമിക്കാനെത്തിയ വന്‍ സംഘം ഇങ്ങനെ കിടങ്ങ് പ്രതീക്ഷിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ദിവസങ്ങളോളം വിദൂരതയില്‍ നിന്ന്
പരസ്പരം അമ്പെയ്യുന്നതില്‍ മാത്രം ആക്രമണം ഒതുങ്ങി. ചില അശ്വയോദ്ധാക്കള്‍ കിടങ്ങ് ചാടി
ഇപ്പുറത്ത് എത്തി. അതില്‍ ഒരാള്‍ കിടങ്ങില്‍ വീണും മറ്റൊരാള്‍ അലിയുടെ കൈ കൊണ്ടും
വധിക്കപ്പെട്ടു. ഇതോടെ ആ ഉദ്യമത്തില്‍ നിന്ന് അവര്‍ പിന്തിരിഞ്ഞു.അങ്ങിനെ
ദിവസങ്ങളോളം നീണ്ടു ഇതിനിടയില്‍ ഇസ് ലാമിലേക്ക് കടന്ന് വന്ന ഗത്ഫാന്‍ ഗോത്രക്കാരനായ
‘നുഐം ബിന്‍ മസ് ഊദി(റ)’ന്റെ ചില ഇടപെടലുകള്‍ കാരണം ഖുറൈശി സംഖ്യസേനയ്ക്കിടയില്‍
അനൈക്യം വളര്‍ന്നു. എന്ത് വേണം എന്ന് തീരുമാനിക്കാനാവാതെ സൈന്യം മദീന
അതിര്‍ത്തിയില്‍ കെട്ടികിടന്നു. അങ്ങനെ ഒരു രാത്രി അതിശക്തമായ കാറ്റും മഴയുമെത്തി... ഖുറൈശികളുടെ കൂടാരങ്ങള്‍ പാറിപ്പറന്നു... സംഘത്തോടോപ്പമുണ്ടായിരുന്ന
കുതിരകളും ഒട്ടകങ്ങളും വിളറിപിടിച്ചു... ഇതിനൊക്കെ പുറമേ ‘മുസ് ലിങ്ങള്‍ ആക്രമിക്കുമോ എന്ന ഭീതി വേറെയും...” ഭയം കൊണ്ട് വിറച്ച് നില്‍ക്കുന്നവര്‍ക്കിടയില്‍
നിന്ന് ഒരാള്‍ ‘മുഹമ്മദും സംഘവും അക്രമിക്കുന്നു....’ വിളിച്ച് പറഞ്ഞതോടെ എല്ലാം തികഞ്ഞു... പുലരുവോളം കാത്തിരിക്കാനുള്ള ധൈര്യം പോലും കാണിക്കാതെ ആ സംഘം രാത്രി
തന്നെ സ്ഥലം കാലിയാക്കി നബി(സ) അല്ലാഹുവിനെ സ്തുതിച്ചു,,

No comments:

Post a Comment